അമ്പലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടച്ചിട്ട അത്യാസന്ന തീവ്രപരിചരണ വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു.
എയർ ഹാൻഡ്ലിംഗ് യൂണിറ്റിൽ കപ്പാസിറ്റർ കത്തിയതിനെത്തുടർന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. തകരാര്‍ പരിഹരിച്ചശേഷം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നത്. കപ്പാസിറ്റർ കത്തി പുക ഉയർന്നതിനാല്‍ രോഗികളെ മറ്റ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എൽ. ലക്ഷ്മിയുടെ ഇടപെടലിലാണ് തകരാര്‍ അടിയന്തരമായി പരിഹരിക്കാനായത്.
തകരാര്‍ പരിഹരിച്ചശേഷം ശുചീകരിച്ച് അണുനശീകരണം നടത്തിയശേഷമാണ് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അടച്ചിടേണ്ടിവന്നെങ്കിലും രോഗികള്‍ക്ക് ചികിത്സാ സംബന്ധമായ ബദൽ സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു.
പൂർണമായും സുരക്ഷിതമാക്കിയ ശേഷമാണ് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.പി.എൽ. ലക്ഷ്മി അറിയിച്ചു.